ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ പ്രാദേശികതലത്തിൽ വിവിധ ഇടങ്ങളിലായി ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം 1961 ആയപ്പോഴേക്കും ഇന്ത്യയിൽ 5243 കമ്മ്യൂണിറ്റി ബ്ലോക്കുകളായി മാറി. അന്ന് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു മാനന്തവാടി. സ്വന്തമായി കെട്ടിടം ഇല്ലായിരുന്ന മാനന്തവാടി ബ്ലോക്ക് എരുമത്തെരുവിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1962 ൽ കേരളത്തിൽ 152 ബ്ലോക്കുകൾ നിലവിൽ വന്നു.1963ല്‍ ഓഫീസ് കെട്ടിടം പണിതീർന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.1950 മദ്രാസ് പഞ്ചായത്ത്ആക്ട് അനുസരിച്ച് പ്രവർത്തിച്ചിരുന്ന 7 ഗ്രാമപഞ്ചായത്ത് ബ്ലോക്കിന്റെ കീഴിൽ ഉണ്ടായിരുന്നു.1975 ന് ശേഷം വിവിധ സേവന മേഖലകൾ മറ്റൊരു ഡിപ്പാർട്ട്മെന്റുകളായി ബ്ലോക്കിൽ നിന്നും പിരിഞ്ഞുപോയി. ആയതിനുശേഷം ബ്ലോക്കുകൾക്ക് കാര്യമായി അധികാരങ്ങൾ ഉണ്ടായിരുന്നില്ല. കേന്ദ്രസർക്കാർ നിന്നും ഫണ്ട് കിട്ടുന്ന ഏജൻസിയായി ബ്ലോക്കും DRDAയും മാറി . 1992ലെ ഭരണഘടന ഭേദഗതി 73, 74 പാസായതോടെ കേരളത്തിലും 1994 മുതൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. അതിൻറെ ഭാഗമായി ജനകീയ ആസൂത്രണ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
വെള്ളമുണ്ടഗ്രാമ പഞ്ചായത്ത്,തിരുനെല്ലി ഗ്രാമ പഞ്ചായത്ത്,തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്,എടവക ഗ്രാമ പഞ്ചായത്ത്,തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് എന്നീ ഗ്രാമപഞ്ചായത്തുകൾ മാനന്തവാടി ബ്ളോക്കിലുൾപ്പെടുന്നു.തവിഞ്ഞാൽ, തിരുനെല്ലി,എടവക, വെള്ളമുണ്ട, തൊണ്ടർനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശമാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരി മലകളും ബാണാസുര മലയും അടങ്ങിയ പ്രദേശത്തിന്റെ താഴ്വരയാണ് മാനന്തവാടി ബ്ലോക്ക് .ഇതിൽ 30 ശതമാനത്തിലധികം വനഭൂമിയാണ്. ജൈവസമ്പത്തിന്റെ കലവറയായ വനഭൂമിയും കുന്നുകൾ ഉൾപ്പെട്ട പ്രദേശവും ഈ ബ്ലോക്കിൻറ പ്രത്യേകതയാണ്. പൈതൃക നെൽ ക്യഷി ചെയ്തു വരുന്ന തിരുനെല്ലി പഞ്ചായത്തും പരമ്പരാഗത കൃഷി ചെയ്തുവരുന്ന കുറിച്ച്യ തറവാടുകളും, സുഗന്ധ നെൽകൃഷിയായ ഗന്ധകശാല ജീരകശാല കൃഷിയും ഈ ബ്ലോക്ക് പരിധിയിൽ ഉണ്ട്.
ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് കോട്ടയം രാജവംശത്തിലെ പഴശ്ശിരാജയുടെ അധികാര പരിധിയിലായിരുന്ന ഈ ഭൂപ്രദേശം. പിന്നീട് പഴശ്ശിരാജയുടെ അന്ത്യത്തോടെ, 1805 നവംബർ 30-ന് ബ്രിട്ടീഷ് അധീന ഇന്ത്യയിൽ ലയിപ്പിക്കുകയുണ്ടായി. വീരകേരളവർമ്മ പഴശ്ശിരാജ വയനാടൻ മലയോരങ്ങളിൽ കുറിച്ച്യപടയുടെ സഹായത്തോടെ ബ്രിട്ടീഷുകാരോട് ധീരമായ ചെറുത്തുനിൽപ്പാണ് നടത്തിയത്. എടച്ചന കുങ്കനും, തലക്കൽ ചന്തുവും അദ്ദേഹത്തിന് ധീരമായ പിന്തുണ നല്കി. ഈ ധീരാത്മാക്കളുടെ രക്തസാക്ഷിത്വത്തിൻ ശേഷം മാത്രമേ വയനാടൻ മണ്ണ് കീഴ്പ്പെടുത്താൻ ബ്രിട്ടീഷുകാർക്ക് സാധിച്ചുള്ളു. പുൽപ്പള്ളിയിൽ വച്ച് വീരമൃത്യൂ വരിച്ച പഴശ്ശിരാജയുടെ ഭൌതിക ശരീരം മാനന്തവാടിയിലാണ് സംസ്കരിച്ചത്. മാനന്തവാടി ആശുപത്രിക്കുന്നിലുള്ള പഴശ്ശി കുടീരം അപൂർവ്വമായ ചരിത്രസ്മാരകമാണ്. തിരുനെല്ലിയിൽ കണ്ടെത്തിയ പ്രാചീന ശിലാലിഖിതങ്ങൾ പൌരാണിക കാലഘട്ടം മുതലുള്ള ഗിരിവർഗ്ഗ സംസ്കൃതിയുമായി ബന്ധപ്പെട്ട് മാനന്തവാടി പ്രദേശത്തിന്റെ ചരിത്രസ്മാരകങ്ങളാണ്. ഗിരിവർഗ്ഗ സംസ്കൃതിയുമായി ബന്ധപ്പെട്ടതാണ് മാനന്തവാടിയുടെസാംസ്ക്കാരിക പശ്ചാത്തലം. തിരുനെല്ലിയിലെ ശിലാലിഖിതങ്ങൾ, അതിപ്രാചീന ചരിത്രാതീത കാലഘട്ടത്തിലെ ഭാഷയേയും സംസ്ക്കാരത്തേയും സൂചിപ്പിക്കുന്നു. ഇതെല്ലാം ഇന്നത്തെ നാഗരികതയുടെ കടന്നുകയറ്റത്തിൽ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. പിൽക്കാലത്ത് വിവിധ ഘട്ടങ്ങളിലായുണ്ടായ കുടിയേറ്റം സാംസ്കാരിക മേഖലയിൽ ഗണനീയമായ പരിവർത്തനത്തിനിടയാക്കി. ഗിരിവർഗ്ഗ വിഭാഗത്തോട് ഏറെ സാമ്യതയുള്ള ഇതര ഹൈന്ദവർ, മുസ്ളീം മതസ്ഥരായ മാപ്പിളമാർ, തിരുവിതാംകൂർ പ്രദേശത്തു നിന്നു നാല്പതുകളിലാരംഭിച്ച കുടിയേറ്റത്തിന്റെ ഭാഗമായി എത്തിച്ചേർന്നക്രിസ്ത്യാനികൾ എന്നിവരെല്ലാം ഈ പ്രദേശത്തിന്റെ സാംസ്കാരികവളർച്ചയ്ക്ക് തങ്ങളുടെതായ സംഭാവനകൾ നല്കിയിട്ടുണ്ട്. ആദിവാസികൾ മുതൽ ആധുനിക കുടിയേറ്റക്കാർ വരെ ഉൾപ്പെടുന്ന ഇവിടുത്തെ ജനതയ്ക്കിടയിൽ, വ്യത്യസ്ത ഭാഷയും കഥകളും ആചാരാനുഷ്ഠാനങ്ങളും ഒക്കെ കൂടിച്ചേർന്ന ഒരു സങ്കര സംസ്ക്കാരം തന്നെ ഇവിടെ രൂപപ്പെട്ടുവന്നിട്ടുണ്ട്. വള്ളിയൂർക്കാവ് ഉത്സവം, തോണിച്ചാൽ തിറ, പള്ളിക്കുന്ന് പെരുന്നാൾ, വരാമ്പറ്റ നേർച്ച എന്നിവ ഇവിടുത്തെ പ്രസിദ്ധങ്ങളായ ആഘോഷങ്ങളാണ്. പ്രദേശത്തെ ജനസംഖ്യയിൽ 20%-ലേറെ ആദിവാസികളായ ഗിരിവർഗ്ഗക്കാർ നിവസിക്കുന്ന പ്രദേശമാണിത്. പണിയർ, കുറിച്യർ, അടിയാന്മാർ, കുറുമർ തുടങ്ങിയവർ അയൽ പ്രദേശങ്ങളായ കർണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളുമായി ബന്ധമുള്ളവരാണ്. അവരുടെ ഭാഷയും ആചാരവും ജീവിതരീതിയും അതിന് തെളിവാണ്. കർണാടകയോട് തൊട്ടു കിടക്കുന്ന തിരുനെല്ലി, മാനന്തവാടി,പനമരം പഞ്ചായത്തുകളിലാണ് അടിയാന്മാർ ഏറെയുമുള്ളത്. പണിയർ, വെള്ളമുണ്ട, പനമരം, എടവക പഞ്ചായത്തുകളിലാണധികം. കുറിച്യ സമുദായക്കാർ കണ്ണൂർ ജില്ലയിലെ കണ്ണവം പ്രദേശങ്ങളിൽ നിന്ന് വന്നവരാണ്. പഴശ്ശിരാജയുടെ വനവാസവുമായി കുറിച്യരുടെ ആഗമനത്തിനു ബന്ധമുണ്ട്. ഗിരിവർഗ്ഗക്കാരെ തുടർന്ന് മറ്റ് ജനവിഭാഗങ്ങളും ഈ പ്രദേശത്തെത്തി. ബ്രാഹ്മണർ, തമിഴ് ബ്രാഹ്മണർ തുടങ്ങിയവരും കുടിയേറി പാർത്തവരാണ്. നാദാപുരം, കല്ലാച്ചി, കുറ്റ്യാടി ഭാഗത്തുനിന്ന് വന്നവരാണ് ഈ പ്രദേശത്തുകാണപ്പെടുന്ന മുസ്ളീം ജനതയുടെ പൂർവ്വികർ. തൊണ്ടർനാട്, വെള്ളമുണ്ട, എടവക, പനമരം എന്നീ പഞ്ചായത്തുകളിലാണിവർ മുഖ്യമായിട്ടുള്ളത്. 1940-കളിലും 50-കളിലും തിരുവിതാംകൂറിൽ നിന്നുമുണ്ടായ കുടിയേറ്റത്തിന്റെ പ്രധാന താവളം മാനന്തവാടി പ്രദേശമായിരുന്നു. എടവക, തൊണ്ടർനാട്, വെള്ളമുണ്ട, മാനന്തവാടി, പനമരം പഞ്ചായത്തുകളിലായി കുടിയേറ്റത്തെ തുടർന്ന് വികസിച്ച് വന്ന ജനവാസകേന്ദ്രങ്ങൾ ശ്രദ്ധേയമാണ്. ആദിവാസികളും തുടർന്ന് എത്തിപ്പെട്ടവരും കുടിയേറ്റക്കാരും ഉൾക്കൊള്ളുന്ന ഈ ബ്ലോക്ക് പഞ്ചായത്തു ഒരു സമ്മിശ്ര സംസ്കാരമുൾക്കൊള്ളുന്ന പ്രദേശമാണ്. ബ്രിട്ടീഷു ഭരണകാലത്ത് വയനാട് പ്രദേശത്തിന്റെ മൊത്തം ഭരണ ആസ്ഥാനം മാനന്തവാടിയായിരുന്നു. അന്നത്തെ ഭരണത്തിന്റെ അവശിഷ്ടമായ ആഫീസുകളും കെട്ടിടങ്ങളും ഇന്നും കാണാം. പണ്ടുമുതൽ തന്നെ ഈ പ്രദേശത്തെ മുഖ്യ കൃഷി നെല്ലായിരുന്നു. എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയ്ക്ക് ലാഭകരമല്ലാതായതിനെ തുടർന്ന് നെല്കൃഷി കുറഞ്ഞു വന്നു. നെൽപാടങ്ങൾ ലാഭകരമായ ഏത്തവാഴ കൃഷിക്കും, കവുങ്ങ് കൃഷിക്കും മറ്റുമായി വിനിയോഗിക്കുന്ന പ്രവണതയാണിന്നുള്ളത്. കുരുമുളക്, കാപ്പി, ഏത്തവാഴ, ഇഞ്ചി, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് ഈ ബ്ലോക്കിലെ കാർഷികസമ്പദ്ഘടനയുടെ അടിത്തറ. മുഖ്യ വരുമാന മാർഗ്ഗവും, തൊഴിൽ മേഖലയും ഈ നാണ്യവിളകൾ തന്നെ.